Sunday, July 22, 2012

ഹൃദയമുള്ളവരേ.. ഇവരെ സഹായിക്കൂ..!!





ന്യൂഡല്‍ഹി. ഹൃദയമുള്ളവരെല്ലാം കേള്‍ക്കേണ്ട കഥയാണു  ചേര്‍ത്തല വാരനാട് മേലേപ്പോകാട്ട് വെളി എം.എം. ജോസഫ് ബ്രഷ്നേവ് - ബിന്ദു ദമ്പതികളുടേത്. ഹൃദ്രോഗികളായ മൂന്നു മക്കളുടെ ശസ്ത്രക്രിയയ്ക്കും ചികില്‍സാ ചെലവിനും പണം കണ്ടെത്താനുള്ള നെട്ടോട്ടമാണു കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഇവരുടെ ജീവിതം. പല വഴികളില്‍ നിന്നു ലഭിച്ച സഹായവും സ്വന്തം സമ്പാദ്യവും കൊണ്ടു രണ്ടുമക്കളുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. മൂത്തമകന്‍ ജോണ്‍ ജോയലിന്റെ  രോഗം സങ്കീര്‍ണമായതിനാല്‍ കേരളത്തില്‍ ശസ്ത്രക്രിയ നടത്താനാകില്ല. ഹൃദയമുള്ളവര്‍ സഹായിക്കുമെന്ന ഒറ്റ പ്രതീക്ഷയില്‍ മകനെയും കൊണ്ടു   ഡല്‍ഹിയി ലെത്തിയിരിക്കുകയാണു ഈ മാതാപിതാക്കള്‍.ജോണ്‍ ജോയലിനു എയിംസില്‍ ചികില്‍സ തുടങ്ങി.  ടെസ്റ്റുകളും ശസ്ത്രക്രിയകളുമായി ലക്ഷങ്ങള്‍ ചെലവും വരും. കഴുത്തറ്റമെത്തിയ കടം മാത്രമാണു കൂലിപ്പണിക്കാരായ ഈ ദമ്പതികളുടെ  സമ്പാദ്യം. സുമനസ്സുകളുടെ സഹായമാണു ഏക പ്രതീക്ഷ.

ആരുടേയും കരളിലിയിപ്പിക്കുന്നതാണു ഈ കുടുംബത്തിന്റെ ദുരന്തകഥ. ബ്രഷ്നേവിനും ബിന്ദുവിനും മൂന്നു ആണ്‍ മക്കള്‍. മൂന്നു പേരും ഹൃദ്രോഗികള്‍. ഇളയ മകന്‍ സാംജോസിന്റെയും രണ്ടാമത്തെ മകന്‍ അമലീന്‍ ജോസഫിന്റെയും ശസ്ത്രക്രിയ നേരത്തെ പൂര്‍ത്തിയായി. ഇരുവരുടെയും ശസ്ത്രക്രിയ പൂര്‍ത്തിയായതു കേരളത്തിലാണ്. രണ്ടു ലക്ഷത്തോളം രൂപയാണു ഇതിനായി ചെലവായത്. കൂലിപ്പണിയില്‍ നിന്നു മിച്ചംവെച്ചുണ്ടാക്കിയ ചെറിയ സമ്പാദ്യവും നാട്ടുകാരുടെ സഹായവും കൊണ്ടാണു പണം കണ്ടെത്തിയത്.

മറ്റു രണ്ടുപേരില്‍ നിന്നു വ്യത്യസ്തമായി അല്‍പ്പം സങ്കീര്‍ണമാണു മൂത്തമകന്‍ ജോണ്‍ ജോയലിന്റെ രോഗം. രക്ത ശുദ്ധീകരണം നടക്കാത്തതാണു പ്രധാന പ്രശ്നം. കേരളത്തില്‍ ചികില്‍സാ സൌകര്യമില്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ എയിംസിലേക്കു റഫര്‍ ചെയ്യുകയായിരുന്നു. ഇവിടെ പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയായി. രക്തശുദ്ധീകരണം നടക്കാത്തതുള്‍പ്പെടെ ജോയലിന്റെ ഹൃദയത്തില്‍ നാലു പ്രധാന പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

എല്ലാ ഇളവുകളും ലഭിച്ചാലും ശസ്ത്രക്രിയയും തുടര്‍ ചികില്‍സ യ്ക്കുമായി രണ്ടു ലക്ഷം രൂപയെങ്കിലും ചെലവുവരും. നാലു മാസ മെങ്കിലും ഡല്‍ഹിയില്‍ ചെലവിടണം. അതിന്റെ ചെലവു വേറെ. മലയാളിയായ സന്തോഷ് ഏര്‍പ്പാടാക്കിയ ലാഡോസറായിയിലെ വാടക വീട്ടിലാണു തല്‍ക്കാലം കുടുംബം താമസിക്കുന്നത്. ഒരു കുരുന്നു ഹൃദയത്തിന്റെ മിടിപ്പ് നിലനിര്‍ത്തുന്നതിനുള്ള നിങ്ങളുടെ  സഹായം ചേര്‍ത്തല സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയിലെ 41092210002135 എന്ന അക്കൌണ്ടില്‍ നിക്ഷേപിക്കുക.

ബാങ്കിന്റെ ഐഎഫ്എസ്സി നമ്പര്‍: YNB0004109
അക്കൌണ്ട് നമ്പര്‍  41092210002135
 സിന്‍ഡിക്കേറ്റ് ബാങ്ക്, ചേര്‍ത്തല

 ഫോണ്‍  -  09891796787, 9911067844