Friday, January 6, 2012

പ്രിയപ്പെട്ട സോണീ.... എന്തിനാണ് നീ കാണാമറയത്തിരിക്കുന്നത്..??ഈ ബ്ലോഗിന്റെ വിഷയ പരിധിക്ക് പുറത്തുള്ള ഒരു വിഷയത്തിലേക്ക് എന്റെ പ്രിയ സ്നേഹിതരുടെ ശ്രദ്ധയെ ക്ഷണിക്കുകയാണ്.

മൂന്ന് വർഷങ്ങൾക്ക് മുൻപ് ഒരു യാത്രക്കിടയിൽ കാണാതായ, ഇന്ത്യാവിഷന്‍ ചാനലില്‍  ഡെപ്യൂട്ടി ന്യൂസ്‌ എഡിറ്ററായിരുന്ന സോണി എം.ഭട്ടതിരിപ്പാട്‌ എന്ന യുവാവിനെ  കണ്ടെത്തുവാൻ സഹായകരമായ എന്തെങ്കിലും വിവരങ്ങൾ ഇത് വായിക്കുന്ന  ആർക്കെങ്കിലും കിട്ടുമെങ്കിൽ അത് ആ കുടുംബത്തിന് എന്ത്മാത്രം സാന്ത്വനമേകിയേനെ..

ഈ വിഷയത്തിൽ ഇതിന് മുൻപ് ഡോ. Jayan Evoor എഴുതിയ പോസ്റ്റ് ഇവിടെ  വായിക്കാം.

ഇക്കഴിഞ്ഞ ദിവസം മംഗളം പത്രത്തിൽ "സോണിയെവിടെ?" എന്ന തലക്കെട്ടിൽ വന്ന  വാർത്ത ഇവിടെ വായിക്കാം.

=========================================================
സോണി എം. ഭട്ടതിരിപ്പാട്‌ എന്ന മാധ്യമപ്രവര്‍ത്തകനെ കാണാതായിട്ട് 2011 ഡിസംബര്‍  എട്ടിനു മൂന്നുവയസു തികഞ്ഞു. ഇന്ത്യാവിഷന്‍ ചാനലില്‍ ഡെപ്യൂട്ടി ന്യൂസ്‌  എഡിറ്ററായിരുന്ന സോണിയെ ഗോവന്‍ ചലച്ചിത്ര മേള റിപ്പോര്‍ട്ട്‌ ചെയ്‌തു  മടങ്ങുംവഴിയാണ്‌ കാണാതാകുന്നത്‌. മലയാള മനോരമ കാസര്‍ഗോഡ്‌ ബ്യൂറോ ചീഫായും  മനോരമന്യൂസിലെ 'നിങ്ങള്‍ ആവശ്യപ്പെട്ട വാര്‍ത്ത'യിലൂടെയും ഇന്ത്യാവിഷനിലെ  'കേരളനടന'ത്തിലൂടെയും മാധ്യമലോകത്ത്‌ തിളങ്ങിയ സോണി ഇന്നെവിടെയെന്ന്‌  ആര്‍ക്കുമറിയില്ല.

പെട്ടെന്നൊരു ദിവസം യാത്രക്കിടെ ട്രെയിനില്‍വച്ച്‌ സോണിയെ കാണാതാവുകയായിരുന്നു.  തുടര്‍ന്ന്‌ സോണിക്കുവേണ്ടിയുള്ള അന്വേഷണങ്ങളായി. പോലീസ്‌ പ്രത്യേക  അന്വേഷണസംഘം രൂപീകരിച്ചു. വിവിധ സംസ്‌ഥാനങ്ങളില്‍ ലുക്കൗട്ട്‌ നോട്ടീസ്‌  പ്രസിദ്ധീകരിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും ഒരുപാട്‌ അലഞ്ഞു. എന്നാല്‍ സോണി  ഇന്നും അപ്രത്യക്ഷനാണ്‌.

സഹപ്രവർത്തകനെ കാണാതായി വർഷങ്ങൾ മൂന്നായിട്ടും എക്സ്ക്ലൂസീവ് വാർത്തകൾ  പടച്ചുണ്ടാക്കാൻ നെട്ടോട്ടമോടുന്ന വർഗസ്നേഹമില്ലാത്ത മാധ്യമാവതാരങ്ങൾ   ഒരുളുപ്പുമില്ലാത്ത മൗനത്തിലാണ്..!

സോണിയുടെ അച്‌ഛനും അമ്മയ്‌ക്കും ഈ മൂന്നുവര്‍ഷം മൂന്നു നൂറ്റാണ്ടുപോലെയാണ്‌  കടന്ന് പോയത് . മകനെ ജീവനേക്കാളേറെ സ്‌നേഹിച്ച പത്മനാഭന്‍ ഭട്ടതിരിപ്പാടും  ഒരുനിമിഷംപോലും മകനെക്കുറിച്ചു ചിന്തിക്കാതിരിക്കാന്‍ കഴിയാത്ത സുവര്‍ണ്ണിനി അന്തര്‍ജനവും. ആ കണ്ണുകളില്‍ പ്രതീക്ഷ വറ്റിയിരിക്കുന്നു.

സോണീ.... എന്തിനാണ് നീ കാണാമറയത്തിരിക്കുന്നത്..??

ഏറെ ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു സോണിയുടെ തിരോധാനം. 2008 ഡിസംബര്‍  എട്ടിനാണ്‌ മലയാള മാധ്യമലോകത്തു ജ്വലിച്ചുനിന്ന ആ നക്ഷത്രത്തെ നഷ്‌ടമാകുന്നത്‌.  ഡിസംബര്‍ ഒന്നിനു ഗോവയില്‍ ഇന്ത്യാവിഷനുവേണ്ടി അന്താരാഷ്‌ട്ര ചലച്ചിത്രമേള  റിപ്പോര്‍ട്ട്‌ ചെയ്യുന്നതിനിടെ മാനസിക അസ്വാസ്‌ഥ്യം അനുഭവപ്പെട്ട സോണി നേരേ പോയത്‌  മംഗലാപുരത്തെ മുള്ളേഴ്‌സ് ആശുപത്രിയിലേക്കായിരുന്നു. അവിടെ ജോണ്‍ മത്തായിയുടെ  ക്ലിനിക്കില്‍ ഒരാഴ്‌ചത്തെ വിശ്രമത്തിനുശേഷം ഭാര്യാപിതാവ്‌ എം. ഗണപതി  നമ്പൂതിരിക്കൊപ്പം ട്രെയിനില്‍ വീട്ടിലേക്കുമടങ്ങിയ സോണിയെ കാഞ്ഞങ്ങാടുവച്ചാണ്‌ കാണാതായത്‌. ബാത്ത്‌റൂമിലേക്കെന്നുപറഞ്ഞു പോയ സോണി ഒരുമണിക്കൂറായിട്ടും  മടങ്ങിവന്നില്ല. രാത്രി വൈകി വീട്ടിലേക്കുവിളിച്ച സോണി താന്‍ കോഴിക്കോടുണ്ടെന്നും  ചില അസൈന്‍മെന്റ്‌സ് ചെയ്‌തുതീര്‍ക്കാനുണ്ടെന്നുമാണ്‌ അവസാനം പറഞ്ഞത്‌. മന്ന്യത്ത്‌  ഇല്ലമെന്ന സോണിയുടെ വീട്ടില്‍ അന്നുരാത്രി എല്ലാവരും സമാധാനമായി ഉറങ്ങി.  മനസമാധാനത്തോടെയുള്ള അവസാനത്തെ ഉറക്കമായിരുന്നു അവര്‍ക്കത്‌. പിന്നെ  സോണിയെ ആരും കണ്ടിട്ടില്ല.

സോണിയെ കാണാതായതിനുശേഷം കാഞ്ഞങ്ങാട്‌ പോലീസ്‌ സ്‌റ്റേഷനിലാണ്‌ അച്‌ഛന്‍  പരാതി നല്‍കിയത്‌. പിന്നീട്‌ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളുടേയും കേന്ദ്ര  ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ ഇടപെടലുകളുടേയും പത്രപ്രവര്‍ത്തക  യൂണിയന്റെ പരാതിയുടേയും അടിസ്‌ഥാനത്തില്‍ സോണിയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. അന്യസംസ്‌ഥാനങ്ങളില്‍ നല്‍കിയ ലുക്ക്‌ഔട്ട്‌  നോട്ടീസിന്റേയും കുടജാദ്രിയിലെ ജീപ്പ്‌ ഡ്രൈവറുടെ മൊഴിയുടേയും അടിസ്‌ഥാനത്തില്‍  ഒരുപാട്‌ അന്വേഷിച്ചെങ്കിലും സോണിയെ കണ്ടെത്താനായില്ല. സോണിയുടെ ചേട്ടന്‍ റാവു  ഭട്ടതിരിപ്പാടും അന്വേഷണവുമായി ഏറെ അലഞ്ഞു. 2008 ഡിസംബര്‍ പന്ത്രണ്ടു വരെ സോണി വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട്‌ മൊബൈല്‍ സ്വിച്ച്‌ ഓഫ്‌ ആയി.

സോണിയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍  കര്‍ണാടകയിലെ കുന്ദാപുരത്തിനു സമീപം ഗംഗോലിയിലാണ്‌ ആളുള്ളതെന്നു മനസിലാക്കി  വീട്ടുകാര്‍ അവിടെയെത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

 ശ്രീശ്രീ രവിശങ്കറുമായി സോണിക്ക്‌ അടുത്ത ബന്ധമായിരുന്നു. അതിനാല്‍ അദ്ദേഹം  തുടങ്ങുന്ന പുതിയ ചാനലില്‍ സോണിയുണ്ടാകുമെന്നു ചില സുഹൃത്തുക്കള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണവും വിഫലമായി. കര്‍ണാടകയിലെ  ബോണിക്കുപ്പയിലെ ടിബറ്റന്‍ കോളനിയില്‍ സോണിയുണ്ടാകുമെന്ന അഭ്യൂഹത്തെത്തുടര്‍ന്ന്‌  പത്മനാഭന്‍ ഭട്ടതിരിപ്പാട്‌ സര്‍വവ്യാധികളും മറന്ന്‌ അവിടേക്കോടിയെത്തി. എന്നാല്‍  നിരാശ വീണ്ടും പ്രതീക്ഷകള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്‌ത്തി. കൂട്ടുകാരും നാട്ടുകാരും വീട്ടുകാരും പോലീസും അന്വേഷണങ്ങള്‍ തുടര്‍ന്നു. എന്നാല്‍ സോണി നിഗൂഢതയിലേക്ക്‌  ഊളിയിട്ടുകൊണ്ടേയിരുന്നു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനുമായി അടുത്തബന്ധം പുലര്‍ത്തുന്നയാളാണ്‌ സോണിയുടെ പിതാവ്‌. സോണിയാ ഗാന്ധിയെയും അടുത്തറിയാം. എന്നാല്‍ ഇവരിലൊന്നും സമ്മര്‍ദം ചെലുത്താന്‍ അദ്ദേഹം തയ്യാറല്ല. പരാതി നല്‍കിയിട്ട്‌  എന്തുകാര്യം? പരാതിപ്പെട്ടാല്‍ വേണമെങ്കില്‍ വീണ്ടും ഒരന്വേഷണ സംഘത്തെ  നിയോഗിച്ചേക്കാം. അന്വേഷണങ്ങള്‍ വീണ്ടും നടന്നേക്കാം. അല്ലാതെന്തു പ്രയോജനം?

യാത്രകളെ ഏറെ ഇഷ്‌ടപ്പെടുന്ന സോണി ഇടക്കിടെ ആരോടും പറയാതെ ജോലിക്കിടയില്‍നിന്നു മുങ്ങുക പതിവായിരുന്നു. അഞ്ചോ ആറോ ദിവസത്തെ  യാത്രകള്‍ക്കുശേഷമാകും മടങ്ങിയെത്തുക. ആത്മസംതൃപ്‌തിക്കായി സോണി തെരഞ്ഞെടുത്ത  മാര്‍ഗം ഇത്തരം യാത്രകളായിരുന്നു. ദിവസത്തിന്റെ 90 ശതമാനവും ജോലിയില്‍  അഭിരമിക്കുന്നതിനിടെ സോണിക്ക്‌ ആകെയുള്ള ദൗര്‍ബല്യം ഇത്തരം യാത്രകളാണ്‌. ആ  ദൗര്‍ബല്യമാകാം സോണിയെ ഇന്നും അപ്രത്യക്ഷനായി തുടരാന്‍ പ്രേരിപ്പിക്കുന്നത്‌.

ജോലിയോട്‌ അസാമാന്യമായ സ്‌നേഹമായിരുന്നു സോണിക്ക്‌. സഹപ്രവര്‍ത്തകരുടെ  അത്ഭുതമായിരുന്നു സോണി. സമൂഹത്തോടും തൊഴിലിനോടും ഏറെ ആത്മാര്‍ഥത  പുലര്‍ത്തിയിരുന്ന സോണിക്ക്‌ പക്ഷേ ഒരിടത്തു പിഴച്ചു. മനോരമന്യൂസില്‍നിന്ന്‌  ഇന്ത്യാവിഷനില്‍ ചേക്കേറാനെടുത്ത തീരുമാനം. സോണി ഇപ്പോള്‍ മനോരമയിലായിരുന്നെങ്കില്‍ അവര്‍തന്നെ അവനെ കണ്ടുപിടിച്ചുതന്നേനെയെന്നു  പത്മനാഭന്‍ ഭട്ടതിരിപ്പാട്‌ വിശ്വസിക്കുന്നു. സ്വാതന്ത്ര്യം കുറവെന്നുപറഞ്ഞു സോണി പോയത്‌ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തിടത്തേക്കാണ്‌. കാണാതായപ്പോള്‍ മുതല്‍  സോണി ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നാണ്‌ സോണി എവിടെയുണ്ടെന്നു മനസിലാക്കിയിരുന്നത്‌.

എന്നാല്‍, പെട്ടെന്നൊരുദിവസം ഇന്ത്യാവിഷന്‍ സോണിയുടെ നമ്പര്‍ കാന്‍സല്‍ ചെയ്‌ത്  ഡ്യൂപ്ലിക്കേറ്റ്‌ സിം എടുത്ത്‌ കൊച്ചി ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ക്കു നല്‍കി. ഇതോടെ  സോണി എവിടെയെന്നു കത്തൊനുള്ള അവസാന മാര്‍ഗവും ഇല്ലാതായി. സോണിയുടെ  ഭാര്യയും മക്കളും എന്തുചെയ്യുന്നുവെന്നോ അവര്‍ എങ്ങനെ ജീവിക്കുന്നുവെന്നോ  അന്വേഷിക്കാന്‍ ഇന്ത്യാവിഷന്‍ തയാറായില്ലെന്നതും ഈ കുടുംബത്തെ വേദനിപ്പിക്കുന്നു.  ഇന്ത്യാവിഷന്റെ പേ റോളില്‍ ഇപ്പോഴും സോണിയുടെ പേരുണ്ട്‌. പക്ഷേ, അവിടെ  മനുഷ്യത്വമില്ല. അതിനാല്‍ തങ്ങളെക്കുറിച്ചോ ചാനല്‍റേറ്റിംഗ്‌ കൂട്ടാന്‍ ഏറെ സഹായിച്ച  ജീവനക്കാരനെക്കുറിച്ചോ ചിന്തിക്കുന്നില്ല. മനോരമ വിട്ടത്‌ ശുദ്ധ മണ്ടത്തരമായിരുന്നെന്ന്‌  ഇപ്പോഴും ആ അച്‌ഛന്‍ പറയുന്നു.

ഒരു മുഖ്യധാരാ മാധ്യമപ്രവര്‍ത്തകനെ കാണാതായി മൂന്നുവര്‍ഷം പിന്നിട്ടിട്ടും  ഇതേക്കുറിച്ച്‌ വേണ്ടവിധം ചര്‍ച്ചകള്‍ ഉയരുന്നില്ലെന്നു സോണിയുടെ പിതാവ്‌ പറയുന്നു.  സോണിയെ കാണാതായ സമയത്ത്‌ ആദ്യം വാര്‍ത്തകള്‍ പുറത്തുവിടാതിരിക്കാന്‍  സോണിയുടെ കുടുംബം ശ്രമിച്ചിരുന്നു. യാത്ര ശീലമാക്കിയ സോണി ഉടന്‍  തിരിച്ചുവരുമെന്ന്‌ ഏവരും പ്രതീക്ഷിച്ചിരുന്നു. പരാതി നല്‍കിയാല്‍ അത്‌ അയാളുടെ  കരിയറിനെ ബാധിക്കുമോയെന്ന സംശയവും ഇവര്‍ക്കുണ്ടായിരുന്നു. ദിവസങ്ങള്‍  പിന്നിടുന്തോറും പ്രതീക്ഷ ആശങ്കയ്‌ക്കു വഴിമാറി. അതോടെ തിരോധാനം വാര്‍ത്തയായി.  നൈമിഷിക ആയുസുള്ള വാര്‍ത്തകള്‍ക്കൊപ്പം സോണിയുടെ തിരോധാനവും ഒടുങ്ങി.  ഒന്നാം വാര്‍ഷികദിനത്തില്‍ വാര്‍ത്തകള്‍ വീണ്ടും പൊടിതട്ടിയെടുക്കപ്പെട്ടെങ്കിലും വീണ്ടും  സോണി ഓര്‍മകളില്‍ മാത്രമായി. ആത്യന്തികമായി മന്ന്യത്ത്‌ ഇല്ലത്തിന്റെ മാത്രം  നഷ്‌ടമായി സോണി മാറി. ടിവി സ്‌ക്രീനില്‍ നിറഞ്ഞുനിന്നിരുന്ന മാധ്യമപ്രവര്‍ത്തകനെ  കാണാതായിട്ടും സമൂഹത്തിന്റേയും അധികാരവര്‍ഗത്തിന്റേയും പ്രതികരണമിതാണെങ്കില്‍  സാധാരണക്കാരന്റെ അവസ്‌ഥ എന്താകുമെന്ന ചോദ്യവും പത്മനാഭന്‍ ഭട്ടതിരിപ്പാടിനുണ്ട്‌.

നീലേശ്വരം പട്ടേനയിലെ ഗണപതി മാഷിന്റെ മകള്‍ സീമയാണ്‌ സോണിയുടെ ഭാര്യ.  ആയുര്‍വേദ ഡോക്‌ടറായ ഇവര്‍ക്കൊപ്പമാണ്‌ മക്കളായ എട്ടുവയസുകാരന്‍  അനന്ദപത്മനാഭനും അഞ്ചുവയസുകാരി ഇന്ദുലേഖയും താമസിക്കുന്നത്‌. സോണിയുടെ  തിരോധാനം ഇവരിലേല്‍പ്പിച്ച ആഘാതം ഏറെ വലുതായിരുന്നു. വാര്‍ത്ത  വായിക്കുന്നതിനിടെപ്പോലും സീമയ്‌ക്ക് സോണി എസ്‌.എം.എസ്‌. അയച്ചിരുന്നു. അത്രയ്‌ക്കു  ജോളിയായിരുന്ന സോണി എന്തിന്‌ അപ്രത്യക്ഷനായെന്നത്‌ ഇന്നും സീമയ്‌ക്ക് ഉത്തരം  കിട്ടാത്ത ചോദ്യമാണ്‌. തറവാട്ടുവീട്ടിലെത്തുമ്പോള്‍ ഒരു കൂട്ടുകാരനായി തങ്ങള്‍ക്കൊപ്പം  ആടിത്തിമിര്‍ത്ത സോണിയെന്ന പിതാവിന്റെ തിരോധാനത്തെക്കുറിച്ച്‌ കുട്ടികള്‍ ഇപ്പോള്‍  അറിഞ്ഞുതുടങ്ങിയിരിക്കുന്നു. അച്‌ഛനെവിടെയെന്ന മക്കളുടെ ചോദ്യത്തിനുത്തരം  നല്‍കാനാവാതെ സീമ ഒരുപാടു വിഷമിക്കുന്നുണ്ട്‌.10 comments:

 1. അദ്ദേഹം മനസ്സിന്റെ ശാന്തി തേടി ഒരു പക്ഷെ, ഹിമാലയസാനുക്കളിൽ എവിടെയെങ്കിലും അഞ്ജാതനായി സഞ്ചരിക്കുന്നുണ്ടാകാം. മനസ്സ് ശാന്തമാകുമ്പോൾ, മനോനിയന്ത്രണം കൈവരുമ്പോൾ ഒരു ദിവസം പുള്ളിക്കാരൻ തിരിച്ചു വരും. അദ്ദേഹത്തിനു വരാതിരിക്കാനാവില്ല.

  ReplyDelete
 2. വളരെ നല്ല ഒരു ലേഘനം..ഇത്രയൊക്കെ ദുരൂഹതകള്‍ നിറഞ്ഞതാണ് അദ്ധേഹത്തിന്റെ തിരോധാനത്തില്‍ ഉള്ളതെന്ന് അറിയില്ലായിരുന്നു..പ്രതീക്ഷയോടെ നമുക്കും കാത്തിരിക്കാം ആ അച്ഛനും കുടുംബിനിക്കുമൊപ്പം...തീര്‍ച്ചയായും എല്ലാവരും വായിക്കേണ്ട ഒരു കുറിപ്പ്‌

  ReplyDelete
 3. ഒരു മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകന്റെ തിരോധനവും ഇത്രയും കാലമായിട്ടും അദ്ദേഹത്തെ കണ്ടു പിടിക്കാനാവാത്തതും അത്ഭുതകരമായി തോന്നുന്നു... നമ്മുടെ അത്യാധുനിക സംവിധാനങ്ങളൊക്കെ അപ്പോള്‍ ഇത്രയേ ഉള്ളു അല്ലെ...

  സോണി എം ഭട്ടതിരിപ്പാട് പൂര്‍വ്വാധികം ഊര്‍ജസ്വലനായി തിരിച്ചെത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം....

  ReplyDelete
 4. സോണിയുടെ തിരോധാനത്തില്‍ ഒട്ടേറെ ദുരൂഹതകളുണ്ട് .ഭാര്യാ പിതാവിനോടൊപ്പം മടങ്ങിയ സോണി ഒരു നിമിഷം കൊണ്ട് അപ്രത്യക്ഷനായതെങ്ങനെ ?കുണ്ടാപുരത്തു ചെന്ന് അന്വേഷിച്ചിട്ട് ഒരു വിവരവും ലഭിക്കാഞ്ഞതെന്താണ് ?തങ്ങളുടെ ലേഖകനോട് ഇന്ത്യാ വിഷന്‍ ഇത്ര മേല്‍ മനുഷ്യത്വമില്ലായ്മ കാട്ടുന്നതെന്താണ് ?സോണി എത്രയും വേഗം മടങ്ങി വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ..

  ReplyDelete
 5. സോണി എം ഭട്ടതിരിപ്പാട് തിരിച്ചെതട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം....

  ReplyDelete
 6. സോണിയുടെ തിരിച്ചുവരവിനായി പ്രാർത്ഥനകളോടെ കാത്തിരിക്കുന്നു.

  ReplyDelete
 7. ഇത്രയൊക്കെ സംഗതികള്‍ ഇതിനു പുറകില്‍ ഉണ്ടെന്നു അറിഞ്ഞിരുന്നില്ല പ്രാര്‍ത്ഥിക്കാം നമുക്ക് അല്ലെ

  ReplyDelete
 8. പ്രാര്‍ത്ഥനകള്‍ ..

  ReplyDelete